ഉണ്ടപ്പൊരി

poem

അവളൊരു ഉണ്ടപ്പൊരിയായിരുന്നത്രെ

മണ്ഡരി ബാധിച്ച തെങ്ങു പോലെ.

അവളുടെ മണ്ടയിൽ കുലച്ചു നിന്ന

വരയും വരിയും

അവ കോറിയ വിസ്മയങ്ങളും

അവരാരും കണ്ടെന്ന് നടിച്ചേയില്ല.

വരയിലെ വർണനകളും

വരികളിലെ വർണങ്ങളും

മണ്ഡരിത്തെങ്ങിനെ ചുറ്റിപ്പിരിഞ്ഞു.

പൂത്തു കായ്ച്ചു.

പതഞ്ഞോഴുകുന്ന തുംഗഭദ്രയേയും

അമാവാസിയെന്ന കറുത്ത് മിനുത്ത കുതിരയേയും

ഇരുട്ട് പറ്റി കൊടുങ്കാറ്റുപോലെ വരുന്ന

രാജകുമാരനേയും വരച്ചു വരച്ച്

അവൾക്കൊരുത്തനെ

പ്രേമിക്കാൻ തോന്നി

വരികളിൽ വരകൾ ചേർത്ത്

പുന്നാരം ചൊല്ലാൻ തോന്നി.

ഉണ്ടപ്പൊരികൾക്ക്

പ്രേമിയ്ക്കാൻ പാടില്ലത്രേ.

കണ്ണുകൾ കോർത്താൽ

നാണം കെടുമത്രേ

മണ്ഡരിത്തെങ്ങിനു

ആരും വെള്ളമൊഴിക്കില്ലെന്ന്.

കുലച്ചു നിൽക്കുന്ന തെങ്ങിൻ തോപ്പിൽ

ഒറ്റക്ക് കരിഞ്ഞു ഉണങ്ങി കണ്ണടയുന്നതാണത്രെ

വഴി. വിധിയും

എന്നീട്ടും വഴിതെറ്റിയെത്തിയ

വേനൽമേഘങ്ങൾ മറന്നു വച്ച

ഓരോ മഴത്തുള്ളിയും

ചേർത്ത് ഉറവകൾ നിറച്ചു.

വരികൾ നനച്ചു.

വരകൾ കിളിർത്തു.

അതുകണ്ട് ഏതോ ഒരുത്തൻ

അവളെ നോക്കി ചിരിച്ചു

കായ്ച്ചു നിൽക്കുന്ന വിസ്മയലോകം

കുലുക്കിയിടാൻ പറഞ്ഞു.

മണ്ടിപ്പെണ്ണ്

മടലുമാത്രമായ തെങ്ങിലെ

പൂവും കായും കണ്ട് കൗതുകം

പ്രണയപ്പെയ്ത്തെന്നു മാറി വിളിച്ചു

തപാൽക്കാരനെത്തിയ സഞ്ചികണക്കെ

വരികളും വരകളും അവനായി തുറന്നിട്ടു

അവൻ പൊട്ടിച്ചിരിച്ചു.

പറഞ്ഞറിഞ്ഞ കൂട്ടങ്ങൾ

കളിയാക്കി ചിരിച്ചു

ഉണ്ടപ്പൊരിയുടെ അതിമോഹങ്ങളെന്നു.

തെരുവിലെ കൂട്ടങ്ങൾ കാറി വിളിച്ചു.

വരികൾ അവളെ തുറിച്ചു നോക്കി.

വരകൾ പെയ്തുപെയ്തൊഴിഞ്ഞ മേഘങ്ങൾക്കൊപ്പമിറങ്ങി,

ഉറവ വറ്റി, വേരുണങ്ങി അവളവിടെ നിൽപ്പായി

മുളച്ചു പൊന്തിയ മണ്ണിൽ

ഇനിയൊരു വേനൽ മഴ

വരുമെന്നറിയാതെ

വരകളും വരികളും

പൊട്ടിമുളക്കുമെന്നറിയാതെ

--

--

Radhika Puthiyetath

Technical Writer@Work. Recreationally Non-Technical. Inspired by—San Francisco—Muse. Love. Life.